ന്യൂഡൽഹി: സൗദി അറേബ്യയിലെ അൽ ഖർജ് നഗരത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി തിങ്കളാഴ്ച അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്ന തരത്തിൽ നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു.
അതേസമയം, ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരനു പരിക്കേറ്റതായി എംബസി സ്ഥിരീകരിച്ചു. പരിക്കേറ്റയാൾ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ ഇന്ത്യൻ പൗരനെ കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ.സാബിർ സന്ദർശിച്ച് സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് അൽ ഖർജിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചത്. അപകടത്തിൽ ഒരു ഇന്ത്യൻ പൗരനും ഒരു ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റെന്നുമാണ് സൗദി സിവിൽ ഡിഫൻസ് അധികൃതർ ആദ്യം പറഞ്ഞത്.
എന്നാൽ, വിശദമായ പരിശോധനയിൽ ഇന്ത്യക്കാർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ പൗരന്മാർക്ക് എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അൽഖർജ് നഗരത്തിലെ ക്ലീനിംഗ് കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന സ്ഥലത്താണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ കെട്ടിടത്തിനു വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.